സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഇടിമിന്നൽ ജാഗ്രതാ നിർദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ട്. അതേസമയം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെ അഞ്ച് ജില്ലകളിലാണ് മഴക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം. 19ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Summary: Chance of rain with thunder and lightning