രാവിലെ മംഗലാപുരം വണ്ടിയില്‍ കയറിയുള്ള മോഷണം; ബസിലെ പോക്കറ്റടി പാളിയതോടെ കിട്ടിയത് എട്ടിന്റെ പണിയും; പേരാമ്പ്രക്കാരന്‍ ഷിജിത്തും ചക്കിട്ടപ്പാറ സ്വദേശി പ്രബീഷും നടത്തിയത് നൂറ്റി അന്‍പതിലധികം മോഷണം


പേരാമ്പ്ര: ബസില്‍ പോക്കറ്റടിക്കുന്നതിനിടയിലാണ് പേരാമ്പ്ര സ്വദേശി ഷിജിത്തും ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷും മഞ്ചേശ്വരം പോലീസിന്റെ പിടിയിലാകുന്നത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷണ പമ്പരയുടെ കാണാപുറങ്ങളാണ് ഇവര്‍ പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇരുവരും സ്ഥിരം മോഷ്ടാക്കളാണെന്നും 150 മോഷണങ്ങള്‍ നടത്തിയതായും പൊലീസിന് മനസിലായി.

കാഞ്ഞങ്ങാട്ടാണ് ഷിജിത്തും പ്രബീഷും താമസിക്കുന്നത്. ഇവിടെ നിന്നും ദിവസവും രാവിലെ മംഗലാപുരത്തേക്ക് തീവണ്ടിയില്‍ പോയി അവിടെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നാണ് സംഘം പോക്കറ്റടിക്കുന്നത്. ഓരോ ദിവസവും കിട്ടുന്ന കാശുമായി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ മോഷണം നടത്തവെയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.

തലപ്പാടിയില്‍ ബസില്‍ പോക്കറ്റടിക്കുന്നതിനിടെയാണ് പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്ന ഷിജിത്ത് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നൂറ്റി അന്‍പതിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിന് മനസിലായത്. മിക്കവയും പിടിക്കപ്പെടാത്തതാണ്. പിടിക്കപ്പെട്ട കേസുകളും അനേകമുണ്ട്.

ചക്കിട്ടപ്പാറക്കാരനായ ഉമ്മിണിക്കുന്നുമ്മല്‍ പ്രബീഷിന് (32) എതിരെ ബാലുശേരി, കല്‍പ്പറ്റ, പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഷിജിത്തിനെതിരെ കുമ്പള സ്റ്റേഷനില്‍ നേരത്തെ കേസുണ്ട്.