താമരശ്ശേരിയിൽ ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കാർ കുടുങ്ങി; ഡ്രൈവർ മരിച്ചു


കോഴിക്കോട്: ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാറിലെ ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം.

ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും, ലോറിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽ ലോറി മറിഞ്ഞു വീണു. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കെഎസ്ആർടിസി ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ഡ്രൈവർക്ക് പരിക്കേറ്റു. സമീപത്തെ കടവരാന്തയിലേക്ക് നീങ്ങിയ ബസ് ഡ്രൈവർ റോഡിൽ നിന്ന് ചാടിക്കയറി ഹാൻ്റ് ബ്രേക്ക് ഇട്ട് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവാകുയായിരുന്നു. അപകടത്തിൽ ബസ് കണ്ടക്ടർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.