തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്‌


നാദാപുരം: തൂണേരിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടേമ്പ്രം സ്വദേശികളായ സന്ദീപ്(19), കുന്നത്ത് പറമ്പത്ത് ശ്രീഹരി(19), ശ്രീദേവ് (19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

റോഡിലെ വെള്ളക്കെട്ടിലിറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി പരിക്കേറ്റ മൂന്ന് പോരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ റോഡില്‍ അപകടം സംഭവിച്ചിരുന്നു.