കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മഹമൂദിനെ പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തിയാണ് ഓട്ടോ ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽ കാറിന്റെ മുൻഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജൂനിയർ എ.എസ്.ടി.ഒ മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ജാഹിർ എം, സുകേഷ് കെ ബി, അനൂപ് എൻ.പി, രജിലേഷ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.