ചാലിക്കരയില്‍ വാഹനാപകടം; കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് വൈകീട്ട് നാല് മണിയോടെ എതിര്‍ദിശയില്‍ വരികയായിരുന്ന വാഗണ്‍ ആര്‍ കാറുമായി കൂട്ടിയിടിച്ചത്.

സംസ്ഥാന പാതയില്‍ ചാലിക്കര ടൗണ്‍ സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കാര്‍ ബസ്സിന് നേരെ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊക്ലിക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

ചൊക്ലി സ്വദേശികളായ ചെക്കിന്തോത്ത് താഴെ നവീന്‍ (45), അനന്ത മംഗലം അനില്‍കുമാര്‍ (50), ഇരിങ്ങന്നൂര്‍ സ്വദേശി ചെമ്മലയില്‍ അജീഷ് (36), വേളം സ്വദേശി കാപ്പുമ്മല്‍ ഉദ്ദീപ് (37) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

അനില്‍കുമാറാണ് വണ്ടി ഓടിച്ചിരുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസം ഉണ്ടായി. പേരാമ്പ്ര പൊലീസ് എത്തി വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.