നാദാപുരം റോഡിലെ കാറപകടം ; പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു
നാദാപുരം റോഡ് : നാദാപുരം റോഡിൽ ഇന്ന് രാവിലെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു. കൊയിലാണ്ടി കേയന്റെ വളപ്പില്‍ സ്വദേശി അയ്ഷ ബെയ്തിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇതിനിടെയാണ് നിയന്ത്രണം വിട്ട് നാദാപുരം റോഡിൽ തലകീഴായി മറിഞ്ഞത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാർ തെന്നിമാറി വീണത്.
അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ സൊസൈറ്റിയിലെ ജീവനക്കാരുടെ വാഹനങ്ങളിലാണ് വടകരയിലെ ആശുപത്രിയിലേക്ക് ആദ്യം എത്തിച്ചത്. സിനാന് പുറമെ കാറിൽ ഉണ്ടായിരുന്ന മറ്റ് 5 പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.