വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു, കാറിന്റെ മുകൾ ഭാ​ഗം പൂർണ്ണമായും തകർന്നു; രണ്ടുപേർക്ക് ​ഗുരുതര പരിക്ക്


പേരാമ്പ്ര: വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ​ഗുരുതര പരിക്ക്. കാർ യാത്രികരായ മോഹനൻ ആക്കൂപറമ്പിൽ, ശ്രീധരൻ നായർ പുത്തലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സംഭവം.

വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുകൾഭാ​ഗം പൂർണ്ണമായും തകർന്നു. KL56 M 2661 ആൾട്ടോ K10 എന്ന കാറാണ് അപകടത്തിൽ പെട്ടത്.

പേരാമ്പ്ര അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെ നേത്രത്വത്തിൽ പേരാമ്പ്രയിൽ നിന്നും വന്ന അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.