എരവട്ടൂരില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; കാര്‍ നിര്‍ത്താതെ പോയി


പേരാമ്പ്ര: കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനും കാല്‍നടക്കാരനും പരിക്കേറ്റു. എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തി പേരാമ്പ്ര (65), ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്.

പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ ഗായകന്‍ മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ പോയി. ഓടിയെത്തിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്നാണ് രണ്ടു പേരെയും പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി കാര്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.