ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്ത് വില്പന; പേരാമ്പ്ര എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍


പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു. എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പോലീസ് പറയുന്നു.

പ്രതിക്കെതിരെ എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര എസ്‌ഐ ഷമീര്‍ പി യുടെ നേതൃത്വത്തില്‍ ജൂനിയര്‍ എസ് ഐ സനേഷും സംഘവുമായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. ലഹരി വില്‍പനക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.

Summary: Cannabis was sold in packaging of biryani masala; Youth arrested with cannabis in Perambra