പ്രതിഷേധം ഫലംകണ്ടു; ചെറുവണ്ണൂര്‍ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമായി കനാല്‍ തുറന്നു


ചെറുവണ്ണൂര്‍: ജലക്ഷാമം രൂക്ഷമായ ചെറുവണ്ണൂരിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കനാല്‍വെള്ളമെത്തി. കനാലിലെ ജലവിതരണം ഇടക്കുവെച്ച് നിര്‍ത്തിയതോടെ ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുവരികയായിരുന്നു.

വിവിധ കുടിവെള്ള പദ്ധതി കിണറുകളില്‍ അടക്കം ജലസ്രോതസ്സുകളില്‍ വെള്ളമില്ലാതായതോടെ നാട്ടുകാര്‍ വളരെ പ്രയാസത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി പേരാമ്പ്ര ഇറിഗേഷന്‍ ഓഫീസിലെത്തി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ദീപയുമായി ചര്‍ച്ചനടത്തിയതിനെത്തുടര്‍ന്ന് ഇന്ന് വെള്ളം തുറന്ന് വിടുകയായിരുന്നു.

ഫെബ്രുവരി 20 ഓടെയാണ് ഇത്തവണ കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള ജലവിതരണം തുടങ്ങിയത്. അതിനുപിന്നാലെ ചെറുവണ്ണൂര്‍ പഞ്ചാത്തിലെ കനാലിലും വെള്ളമെത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ ആദ്യം കനാല്‍ അടച്ചത് കനത്ത വേനലില്‍ ജലക്ഷാമം രൂക്ഷമാകാന്‍ ഇടയാക്കി.

എടക്കയില്‍, മുയിപ്പോത്ത് ഭാഗങ്ങളിലൊക്കെ ഇത് പ്രയാസം സൃഷ്ടിച്ചു. ഏപ്രില്‍ 20ന് തുറക്കുമെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചെങ്കിലും നടപ്പായില്ല. 30ന് തുറക്കാമെന്ന വാഗ്ദാനവും നടപ്പാകാത്തതോടെയാണ് ജനപ്രതിനികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.