ഇത്തവണ തൊഴിലുറപ്പ് തൊഴിലാളികളില്ല; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ശുചീകരണം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ നടത്തും, 26ന് തുടക്കം



കക്കോടി: കാടുമൂടിക്കിടക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലും ഉപകനാലുകളും ശുചീകരിക്കുന്ന പ്രവൃത്തി ഈ മാസം 26-ന് ആരംഭിക്കും. വര്‍ഷം തോറും കനാലില്‍ വെള്ളം വിടുന്നതിന് മുന്‍പ് ശുചീകരണം നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി കനാലിലും വശങ്ങളിലും സൈഫണുകള്‍ക്കു സമീപവും കാടുമൂടി കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കും. കര്‍ഷക സംഘത്തിന്റെ ആളുകള്‍ സന്നദ്ധ പ്രവര്‍ത്തകരായെത്തിയാണ് ഇത്തവണ ശുചീകരണ യജ്ഞം നടത്തുന്നത്.

600 കിലോമീറ്റര്‍ കനാല്‍ ശൃംഖലയാണ് കാട് വെട്ടേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു കാട് വെട്ടാറ്. കഴിഞ്ഞവര്‍ഷം മുതല്‍ ആവര്‍ത്തന സ്വഭാവമുള്ള പ്രവൃത്തിക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ അനുമതിയില്ല. ഇതിനാല്‍ കര്‍ഷക സംഘം പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. മണ്ണ് നിറഞ്ഞു കിടക്കുന്ന കനാലിന്റെ അടിഭാഗത്ത് നിറഞ്ഞ മണ്ണ് നീക്കം ചെയ്യുന്നത് കാട് വെട്ടിയ ശേഷം ആരംഭിക്കും.

കുറ്റ്യാടി പദ്ധതിയുടെ രണ്ട് മെയിന്‍ കനാലിലെയും 10 ബ്രാഞ്ച് കനാലിലെയും അടിത്തട്ടിലുള്ള മണ്ണ് നീക്കുന്നതിനായി ഒന്നരക്കോടിയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ സ്വീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി മൂന്നുകോടി രൂപയുടെ പ്ലാന്‍ ഫണ്ട് അനുവദിച്ചതില്‍ 20 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ഫെബ്രുവരി അവസാനത്തോടെ കനാല്‍ തുറക്കാനാണ് തീരുമാനം.