ഉപതെരഞ്ഞെടുപ്പ്; പാറക്കടവ് ഡിവിഷൻ യു ഡി എഫ് നിലനിർത്തി, കെ ദ്വരയുടെ വിജയം 1106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ


തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. യു ഡി എഫ് സ്ഥാനാർത്ഥി കെ ദ്വര വിജയിച്ചു. 1106 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നിലനിർത്തിയത്.

പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർത്ഥി കെ ദ്വരയ്ക്ക് ആകെ 2706 വോട്ടാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പി ഷിജിൻ കുമാറിന് 1600 ഉം ബിജെപിക്കു വേണ്ടി മത്സരിച്ച വിനീഷിന് 216 വോട്ടുമാണ് ലഭിച്ചത്.

തൂണേരി പഞ്ചായത്തിലെ 3 വാർഡുകളും ചെക്യാട് പഞ്ചായത്തിലെ 6 വാർഡുകളും ഉൾപ്പെടുന്നതാണ് പാറക്കടവ് ഡിവിഷൻ. 12000 ത്തിലധികം വോട്ടർമാരുണ്ടായിരുന്ന പാറക്കടവ് ഡിവിഷനിൽ 35 ശതമാനം പോളിം​ഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കനത്ത മഴയും അതിനെ തുടർന്നുണ്ടായ ദുരിതവുമാണ് പോളിം​ഗ് കുറയാൻ കാരണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നത്.