ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ, കൊയിലാണ്ടിയിൽ ഇന്നത്തെ ബസ് സമരം പിൻവലിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവില്‍ വെച്ച് അപകടകരമായ നിലയിൽ ബസ് ഓടിച്ചു എന്നാരോപിച്ച് കൊയിലാണ്ടി സ്റ്റാൻ്റിൽ വെച്ച് ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബസ് സമരം പിന്‍വലിച്ചത്.
സംഭവത്തിലെ പ്രതിയായ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പോലീസ് ഇന്ന് പുലര്‍ച്ചെ ബിജീഷിൻ്റെ വെങ്ങളത്തെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക് നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്ന ദിവസം ബസ് പണിമുടക്ക് നടക്കുന്നത് വലിയ ചർച്ചയായിരുന്നു. ഇന്ന് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ബസ് പണിമുടക്ക് പിൻവലിക്കുന്നതായി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
Summary: Bus worker beaten up incident; DYFI block secretary arrested, today’s bus strike called off in Koyilandi