കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ സമരത്തിൽ ; വലഞ്ഞ് യാത്രക്കാർ


വടകര: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ഒരു വിഭാഗം ബസ് ജീവനക്കാർ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. രാവിലെ വടകര – കൊയിലാണ്ടി റൂട്ടിൽ ചുരുക്കം ബസുകളാണ് സർവ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നിൽക്കുന്നവർക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാൽ വടകര -കൊയിലാണ്ടി റൂട്ടിൽ ലോക്കൽ ബസുകളും, ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസുകളും ഓടുന്നില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കോഴിക്കോട് – കണ്ണൂർ റൂട്ടിലും ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസുകൾ സർവ്വീസ് നടത്തുന്നില്ലെന്നാണ് ജീവനക്കാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞത്.

എന്നാൽ സമരവുമായി ബന്ധപ്പെട്ട് പ്രതികരണം ചോദിച്ചപ്പോൾ സമരമില്ലെന്നും ലോക്കൽ ബസുകളും, കോഴിക്കോട് – കണ്ണൂർ റൂട്ടിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളും സാധാരണപോലെ സർവ്വീസ് നടത്തുന്നുണ്ടെന്നാണ്‌ ട്രേഡ് യൂണിയൻ അംഗങ്ങൾ അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് ജീവനക്കാർ സോഷ്യൽമീഡിയ വഴി ബസ് തൊഴിൽ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീപാതയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, മടപ്പള്ളിയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ് ഇടിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം വിലക്കിയ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജീവനക്കാർ ഇന്ന് തൊഴിൽ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.

എന്നാൽ മുൻകൂറായോ നോട്ടീസ് നൽകുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചർച്ച നടത്താതെയാണ് ജീവനക്കാർ സോഷ്യൽമീഡിയ വഴി തൊഴിൽ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത് എന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള തൊഴിൽ ബഹിഷ്‌ക്കരണം അംഗീകരിക്കാനാവില്ലെന്നാണ് സംഘടനകൾ ഇന്നലെ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. [mid5]