കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു; എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് വടകരയിൽവെച്ച് ചർച്ച
വടകര: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല.
ഇന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് 10 മണിയ്ക്ക് മീറ്റിംഗ് നടത്താന്‍ തീരുമാനമായിട്ടുണ്ട്. ബസ് തൊഴിലാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മീറ്റിംഗില്‍ അറിയിക്കുമെന്ന് ബസ് തൊഴിലാളികൾ പറയുന്നു.
വടകര – കൊയിലാണ്ടി റൂട്ടില്‍ ഇന്നും ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വലിയ തോതിലുള്ള പ്രയാസം ഉണ്ടാവുകയില്ലെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി ബസ് തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.
കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ് ഇടിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം വിലക്കിയ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.