വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; നാടോടി സ്ത്രീ പിടിയില്‍


വടകര: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നാടോടി സ്ത്രീ അറസ്റ്റില്‍. തമിഴനാട് ഡിണ്ടിങ്കല്‍ സ്വദേശി കാവ്യയാണ് (25) പോലീസ് പിടിയിലായത്. വടകര – ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസില്‍ വെച്ച് വ്യാഴാഴ്ച്ച രാവിലെ 10.45നായിരുന്നു സംഭവം. വടകര ആയഞ്ചേരി വള്യാട് സ്വദേശി വണ്ണാത്തി പറമ്പത്ത് സുധയുടെ ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണമാണ് കാവ്യ മോഷ്ടിച്ചത്.

വടകര ഗവണ്‍മെന്റ് ആശുപത്രിയുടെ മുമ്പില്‍ നിന്നും പഴയ സ്റ്റാന്റിലേക്ക് ബസ് കയറിയതായിരുന്നു സുധ. സ്റ്റാന്റ് എത്തി ഇറങ്ങാന്‍ നോക്കുമ്പോഴായിരുന്നു കാവ്യ പിന്നില്‍ നിന്നും സുധയുടെ മാല മോഷ്ടിച്ചത്. ഉടന്‍ തന്നെ സുധ ബഹളം വച്ച് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും കാവ്യയെ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും സ്വര്‍ണമാല കണ്ടെത്തിയത്.

കാവ്യയുടെ പേരില്‍ സമാന രീതിയില്‍ പാലക്കാടും കേസുകളുണ്ടെന്നാണ് വടകര പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.