സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; കൊയിലാണ്ടി സ്വദേശിയുടെ തലയ്ക്കടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം


കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിച്ച ഡ്രൈവര്‍. ആക്രമണത്തെ തുടര്‍ന്ന് തല പൊട്ടിയ പുളിയഞ്ചേരി സ്വദേശി രാജന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിയഞ്ചേരി സ്വദേശിയായ രവിയ്ക്കും മര്‍ദ്ദനമേറ്റു.

ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എല്‍. 58 എ.എ 2100 എന്ന നമ്പറിലുള്ള അയ്യപ്പന്‍ എന്ന ബസില്‍വെച്ചായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്നും ആനക്കുളത്തേക്ക് വരികയായിരുന്നു ഇവര്‍. ആനക്കുളത്ത് ബസ് ഇറങ്ങവെ ‘ഇതെന്ത് പോക്കാണെടോ പോകുന്നത്!’ എന്ന് ഡ്രൈവറോട് ചോദിച്ചതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ഉടനെ ഡ്രൈവര്‍ എന്തോ ഒരു വസ്തുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നാണ് രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

ഇതേ ബസിന്റെ അമിത വേഗതകാരണം നന്തിയില്‍വെച്ച് ഒരു യാത്രക്കാരന് ബസിനുള്ളില്‍ വീണതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. പൂനൂര്‍ സ്വദേശിയാണ് വിബീഷിനാണ് കാലിന്റെ മുട്ടിന് പരിക്കുപറ്റിയത്. ഇദ്ദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും ഏറെ കുപ്രസിദ്ധമാണ്. ദേശീയപാതയില്‍ നിരവധി അപകടങ്ങള്‍ക്ക് ഇത്തരം അശ്രദ്ധമായ വാഹനയോട്ടം കാരണമായിട്ടുണ്ട്.