ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ; വയനാടെയും വിലങ്ങാടിലെയും ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ വടകരയിലെ നൂറിലധികം ബസുകൾ ഓടിത്തുടങ്ങി


വടകര: ദുരിതബാധിതർക്ക് വേണ്ടി വടകരയിലെ ബസുകൾ ഇന്ന് ഡബിൾ ബെല്ലടിച്ച് ഓട്ടം തുടങ്ങി . വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാനാണ് വടകര താലൂക്കിൽ സർവീസ് മുഴുവൻ ബസുകളും ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. 130 ഓളം ബസുകളാണ് ദുരിതാശ്വാസ നിധി സമാഹരണത്തിൽ പങ്കെടുക്കുന്നത്. കാരുണ്യ യാത്ര ആ ർ ടി ഒ ഫ്ലാ​ഗ് ഓഫ് ചെയ്തു.

രാവിലെ മുതൽ ടിക്കറ്റിന് പകരം ബക്കറ്റുമായി കണ്ടക്ടർമാർ യാത്രക്കാരുടെ അരികിലെത്തി. എല്ലാവരും മികച്ച സഹകരണമാണ് നൽകുന്നത്. പലരും ടിക്കറ്റ് തുകയേക്കാൾ കൂടുതൽ തുക ബക്കറ്റുകളിൽ നിക്ഷേപിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഓട്ടത്തിൽ യാത്രക്കാർ നല്ല രീതിയിൽ സഹകരിക്കുമ്പോൾ സന്തോഷമുണ്ടെന്നും ഇന്നത്തെ കാരുണ്യ യാത്ര മികച്ച വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും വടകരയിലെ ബസ് ജീവനക്കാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായാണ് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി സർവ്വീസ് കഴിഞ്ഞ് ജീവനക്കാർ ലഭിച്ച തുക ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ ഏൽപിക്കും. അടുത്ത ദിവസം തന്നെ ഇത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം.

Description: Bus crews rang double bell for landslide victims; More than 100 buses have started plying in Vadakara to reach out to the affected people in Wayanad and Vilangad.