പന്തീരാങ്കാവ് മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; ഏഴ് കൊലപാതകങ്ങൾ ചെയ്തതായി പ്രതികൾ, ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ


കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിൽ ഉൾപ്പെട്ട സ്ഥാപനമായ ‘എനി ടൈം മണി’യിൽ കവർച്ച നടത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. സേലം സ്വദേശികളായ മുരുകൻ (33), സഹോദരൻ കേശവൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഏഴ് കൊലപാതകങ്ങൾ ന‌ടത്തിയതായി ഇരുവരും സമ്മതിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും സംഘം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. 2022ൽ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ച് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഒരു സംഭവം. 2018-22 കാലയളവിൽ തമിഴ്‌നാട്ടിലെ ഈറോഡ്, ചെന്നിമലൈ, പെരുന്തുറൈ, കാങ്കയം എന്നീ സ്‌റ്റേഷൻ പരിധികളിലായാണ് മറ്റ് കൊലപാതകങ്ങൾ. വീട് കുത്തിത്തുറന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുന്നവരെ സ്വർണത്തിനും പണത്തിനും വേണ്ടി സംഘം കൊലപ്പെടുത്തുകയായിരുന്നു.

പെരിയനായ്ക്കം പാളയം, കരുമത്താനപെട്ടി, സുലൂർ എന്നീ സ്റ്റേഷനുകളിലായി രണ്ട് കവർച്ചാ കേസുകളും മൂന്ന് മോഷണക്കേസുകളും ഇവരുടെ പേരിലുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ടി നാരായണൻ അറിയിച്ചു. നാടോടികളായി പുറമ്പോക്കിൽ താമസിച്ച് നിരീക്ഷണം നടത്തിയാണ് ഇവർ മോഷണം നടത്തുന്നത്. ഇവർക്ക് ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്വന്തമായി വീടും സ്ഥലവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ആറുവരിപ്പാതയുടെ ഭാഗമായുള്ള രാമനാട്ടുകര മേൽപാലത്തിന് താഴെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞിരുന്നത്.

പകൽ സമയത്ത് പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ ഇറങ്ങുകയും ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. മോഷണത്തിനിടെ എതിർത്താൽ ആളുകളെ കൊല്ലാനും ഇവർക്ക് മടിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഘമായെത്തുന്ന ഇവർ ഒരു സ്ഥലത്ത് തന്നെ അധിക കാലം താമസിക്കാറില്ല. പിടിയിലായവർ കൊടും കുറ്റവാളികളാണെന്ന് വ്യക്തമായതോടെ അലഞ്ഞുതിരിയുന്നവരെ കണ്ടാൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.