പാവപ്പെട്ടവർക്ക് ആശ്രയമായി ഇനി അബൂബക്കറില്ല; ഫാരിസ് അബൂബക്കറിന്റെ ഉപ്പ മുണ്ടയില്‍ അബൂബക്കറിന് നാടിന്റെ യാത്രാമൊഴി; മൃതദേഹം നന്തിയില്‍ ഖബറടക്കി


നന്തി ബസാര്‍: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കറിന്റെ മൃതദേഹം ഖബറടക്കി. നന്തി മൊഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. രാവിലെ എട്ട് മണിക്ക് മസ്ജിദുൽ മുജാഹിദീനിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു മുണ്ടയില്‍ അബൂബക്കറിന്റെ അന്ത്യം. എഴുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അബൂബക്കർ പാവപ്പെട്ടവരെ സഹായിക്കുന്നത് ജീവിതചര്യയാക്കിയ വ്യക്തിയായിരുന്നു. ആവശ്യമുള്ളവര്‍ക്ക് കണ്ടറിഞ്ഞ് സഹായമെത്തിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന അദ്ദേഹം നിരവധി പേരിലേക്ക് റമദാനിലും മറ്റ് വിശേഷ അവസരങ്ങളിലും കിറ്റ് എത്തിക്കാറുണ്ടായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു. സ്വന്തം നാട്ടിലുള്ള വന്മുഖം ഗവ. സ്കൂളിനെ ഹൈസ്കൂളായി ഉയർത്താനും അദ്ദേഹം ഏറെ പരിശ്രമിച്ചിട്ടുണ്ട്.

മറക്കാരകത്ത് സോഫിയ ആണ് ഭാര്യ. ഫാരിസ് (ചെന്നൈ), സിറാജ് (ദുബായ്), സഞ്ജിദ ഹാജറ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ഉമര്‍ ഫാറൂഖ് (കോഴിക്കോട്), സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബായ്).


Related News: ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.