കൊയിലാണ്ടിയിൽ നിന്ന് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടി നിന്നും കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അരങ്ങാട് മനയിടത്ത് പറമ്പില്‍ ക്ഷേത്രത്തിന് സമീപം മേലെപ്പുറത്ത് ശശി ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്ന് എലത്തൂർ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. പുറക്കാട്ടിരിയിലേക്ക് എന്നു പറഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും പോയതാണ്. സന്ധ്യയ്ക്ക് ആറുമണിയോടെ പുറക്കാട്ടിരി പാലത്തില്‍ കണ്ടതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസുഖത്തെത്തുടർന്ന് ഡയാലിസിസ് ചെയ്യുന്ന ആളായിരുന്നു.

കാണാതായതിനെത്തുടർന്നു കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെ പുറക്കാട്ടിരി പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്