മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്


ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്.

നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി, കൊയിലാണ്ടി ഡിവിഷൻ എസ്.എസ്.എഫ് ജനറൽ സെക്രട്ടറി, പൂക്കാട്ടെ മര്‍ക്കസ് സ്‌കൂളിന്റെ രക്ഷാധികാരി എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. പള്ളിയോട് ചേര്‍ന്നുള്ള ഫ്രണ്ട്‌സ് ഹയര്‍ ഗുഡ്‌സ് എന്ന വാടക സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഹംസ.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ഹംസയെന്ന് അദ്ദേഹത്തിന്റെ പരിചയക്കാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഒരുപാട് പേര്‍ക്ക് അദ്ദേഹം സഹായം ചെയ്തിട്ടുണ്ട്. നാട്ടില്‍ ഒരു മരണം നടന്നാല്‍ ആ വീട്ടിലേക്ക് തന്റെ സ്ഥാപനത്തില്‍ നിന്ന് വാടകസാധനങ്ങള്‍ സൗജന്യമായി നല്‍കുന്നത് ഹംസയുടെ ശീലമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പോലും അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അദ്ദേഹം ആദ്യാവസാനം നിറഞ്ഞു നിന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്ന നബിദിന പരിപാടിയിലും ഹംസ സജീവമായിരുന്നു.

എന്നും പള്ളിയിലെത്തി അഞ്ച് നേരം നിസ്‌കരിക്കുന്നയാളായിരുന്നു ഹംസ. എന്നാല്‍ ശനിയാഴ്ച രാവിലെ അഞ്ച് മണിക്കുള്ള നിസ്‌കാരത്തിന് അദ്ദേഹം പള്ളിയിലെത്തിയിരുന്നില്ല. നേരത്തേ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. പിന്നീട് ഏഴ് മണിയോടെയാണ് പൊയില്‍ക്കാവില്‍ വച്ച് ട്രെയിന്‍ ഇടിച്ച് അദ്ദേഹം മരിച്ച വിവരം പുറത്തറിയുന്നത്.

ഏറെ ഞെട്ടലോടെയാണ് ഹംസയുടെ മരണവാര്‍ത്ത നാട് കേട്ടത്. തങ്ങള്‍ക്കൊപ്പം ഇന്നലെ വരെയുണ്ടായിരുന്ന ഹംസ ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. നാടാകെ കണ്ണീരോടെയാണ് ഹംസയെ യാത്രയാക്കിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൂക്കാട് പള്ളിയിലെ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കിയത്. തുടര്‍ന്ന് ഹംസ സെക്രട്ടറിയായിരുന്ന പള്ളിയില്‍ വൈകീട്ട് അനുശോചനയോഗവും ഉണ്ടായിരുന്നു.