ഒമാനിലെ വാഹനാപകടം; മരണപ്പെട്ട കാപ്പാട് സ്വദേശികൾ ഉൾപ്പടെ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി


കൊയിലാണ്ടി: സൗദി ഒമാൻ അതിർത്തിക്കടുത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി കാപ്പാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സൗദിയില്‍ ഖബറടക്കി. അപകടത്തില്‍ മരിച്ച ശിഹാബിന്റെ ഭാര്യ സഹല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് അല്‍-അഹ്‌സയില്‍ വമ്ബിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് ദുഹ്ര്‍ നമസ്‌കാരശേഷം നടന്ന മയ്യിത്ത് നമസ്‌കാരശേഷം ബറടക്കിയത്.

ഞായറാഴ്ച രാവിലെ 8.30 തോടെയായിരുന്നു അപകടം. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ വീട്ടില ശിഹാബ് കാപ്പാട്, കണ്ണൂര്‍ മമ്ബറം സ്വദേശി മിസ്അബ് കൂത്തുപറമ്ബ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാന്‍-സൗദി അതിര്‍ത്തിയായ ബത്ഹയില്‍ അപകടത്തില്‍ പെട്ടത്.

വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഒമാന്‍ അതിര്‍ത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സഹലയുടെ മൃതദേഹം അല്‍ അഹ്സയിലെ ആശുപത്രിയിലായിരുന്നു. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം സൗദി ഒമാന്‍ അതിര്‍ത്തിയിലെ ആശുപത്രിയിലായിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഖബറടക്കം ചെയ്യാന്‍ അല്‍ അഹ്‌സയിലെത്തിക്കുകയായിരുന്നു. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഐ.സി.എഫിന്റെ അല്‍ അഹ്‌സ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ശരീഫ് സഖാഫി, അബു താഹിര്‍ കുണ്ടൂര്‍ മറ്റു സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് ഖബറടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Summary: Road accident in Oman; Bodies of three Malayalis, including Kappad natives, buried in Saudi Arabia