നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും, ഒരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല; വടകര താഴങ്ങാടിയിൽ ലഹരിക്കെതിരെ ബോർഡുകൾ ഉയർന്നു


വടകര: കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാൽ നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും എന്ന മുന്നറിയിപ്പുമായി വടകര താഴെ അങ്ങാടിയിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വടകരയിലെ ലഹരിവിരുദ്ധ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ ബോർഡുകൾ സ്ഥാപിച്ചത്.

കഞ്ചാവ്, എം.ഡി.എം.എ നിരോധിത ലഹരിപദാർഥങ്ങൾ ഉൾപ്പടെ വിൽപ്പനയും ഉപയോഗവും കണ്ടാൽ നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും, ഒരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാൻ വരുന്നവർക്കും കിട്ടും, പോലീസിനെ ഏൽപ്പിക്കുകയും ചെയ്യും എന്നാണ് ലഹരിവിരുദ്ധ ജനകീയക്കൂട്ടായ്മ സ്ഥാപിച്ച ബോർഡിലുള്ള മുന്നറിയിപ്പ്. തണൽ സെന്ററിന്റെ പിറക് വശം, മനാർ മുക്ക്, കൊയിലാണ്ടി വളപ്പ്, പഴയസ്റ്റാൻഡ് ഓവർബ്രിഡ്ജ്, താഴങ്ങാടി മൊത്തമത്സ്യ വിപണനകേന്ദ്രം എന്നിവിടങ്ങളിലാണ് ഇപ്പോൾ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുമെന്ന് കൂട്ടായ്മയിലെ അം​ഗങ്ങൾ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മാർച്ച് 7 ന് രാത്രി ജനജാ​ഗ്രത പ്രകടനം സംഘടിപ്പിക്കും. തണൽ പരിസരം മുതൽ ഓവർബ്രിഡ്ജ് വരെയാണ് പ്രകടനം നടത്തുക.

വടകര മേഖലയിൽ ലഹരി മരുന്ന് കേസുകൾ വർധിച്ചു വരുന്നുണ്ടെന്ന് എക്സൈസും, പോലീസും കഴിഞ്ഞ ദിവസങ്ങളിൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞിരുന്നു. മാസങ്ങൾക്കുള്ളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിലെല്ലാം പ്രതികളെ പിടികൂടിയിട്ടുമുണ്ട്. പോലിസ് ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമ്പോൾ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പോലുള്ള നാട്ടിലെ യുവാക്കളുടെ സംഘടനകളും മുന്നോട്ട് വന്നാൽ ലഹരി ഉപയോ​ഗവും വില്പനയും നാട്ടിൽ നിന്ന് തുടച്ച് നീക്കാനാകുമെന്നാണ് പ്രതീക്ഷ.