ബാലുശ്ശേരി സ്വദേശിനി വ്‌ലോഗ്ഗര്‍ റിഫയുടെ മരണം; ആത്മഹത്യാ പ്രേരണ കേസില്‍ ഭര്‍ത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു


കോഴിക്കോട്: വ്‌ലോഗര്‍ റിഫ മെഹ്‌നു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ പോക്സോ കേസില്‍ ഇയാള്‍ റിമാന്ഡിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മെഹ്‌നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെഹ്‌നാസിന്റെ നീലേശ്വരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ചപ്പോഴും മൃതദേഹം ഉടനെ തന്നെ തന്നെ മറവ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അവിടെ പോസ്റ്റുമാര്‍ട്ടം ചെയ്തതാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

മെഹ്‌നാസിന്റെ പെരുമാറ്റത്തിലുള്‍പ്പെടെ അസ്വാഭാവികത തോന്നിയതോടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കുകയായിരുന്നു. ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മെഹ്നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് റിഫക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മെഹ്നാസ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‌നാസും പരിചയപ്പെട്ടത്. മൂന്നു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ടു വയസ്സുള്ള മകനുണ്ട്. ജനുവരിയിലാണ് ഇവര്‍ ദുബായിലെത്തിയത്.

summery: blogger rifa mehnu’s husbant mehnas moidu has been arrested in connection with suicide