കുട്ടികളെ ഉപയോഗിച്ച് ബൈക്ക് മോഷണം; പ്രതിയിൽ നിന്ന് കണ്ടെടുത്തത് വടകരയിൽ നിന്നുൾപ്പെടെ മോഷണം പോയ ആറു വാഹനങ്ങൾ


കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുപിന്നാലെ കണ്ടെടുത്തത് വടകരയിൽ നിന്നുൾപ്പടെ കവർന്ന നാല് ബൈക്കും രണ്ട് സ്കൂട്ടറും ഉള്‍പ്പെടെ ആറു വാഹനങ്ങള്‍. നവംബർ ആറിന് ഫറോക്ക് പൊലീസ് അറസ്റ്റുചെയ്ത ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയില്‍ വീട്ടില്‍ രവിരാജിനെ (സെങ്കുട്ടി -24) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിരവധി വാഹന മോഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമായത്.

തുടർന് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. കുട്ടികളെ ഉപയോഗിച്ചാണ് ഇയാള്‍ കവർച്ച നടത്തിയിരുന്നത്. ഇയാള്‍ക്കൊപ്പം പ്രായപൂർത്തിയാവാത്ത രണ്ടുപേരും പിടിയിലായിരുന്നു. ഫറോക്ക്, കുന്ദമംഗലം, ടൗണ്‍, വടകര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളില്‍ നിന്നാണ് ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിച്ചത്.

ബൈക്കുകള്‍ വടകര, ടൗണ്‍, കുന്ദമംഗലം പൊലീസിന് അന്വേഷണ സംഘം കൈമാറി. ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തും എസ്.ഐ വിനയനും ചേർന്നാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് മോഷണം പോയ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് രവിരാജ് പിടിയിലായത്. തുടരന്വേഷണത്തിലാണ് മറ്റു പലയിടത്തെയും കവർച്ചക്കുപിന്നില്‍ ഇയാളെന്ന് വ്യക്തമായത്.

മാഹി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഇയാള്‍ കവർന്ന ബൈക്കുകള്‍ കടത്തിയിരുന്നത്. ഫറോക്ക് അസി. കമീഷണർ ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ പി. അരുണ്‍കുമാർ, എസ്.സി.പി.ഒ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖില്‍ബാബു, സുബീഷ് വേങ്ങേരി, അഖില്‍ ആനന്ദ് എന്നിവരാണ് പ്രതിയെ പിടികൂടി ബൈക്കുകള്‍ കണ്ടെടുത്ത ടീമിലുണ്ടായിരുന്നത്.

Summary: Bike theft using children; Six stolen vehicles, including one from Vadakara, were recovered from the accused