മോഷണ ശ്രമം എതിർത്തതിന് കാമുകിക്ക് നേരെ വധശ്രമം; ബേപ്പൂർ സ്വദേശി അറസ്റ്റിൽ


കോഴിക്കോട് : വീട്ടില്‍ നിന്ന് പണം കവര്‍ച്ച നടത്താനുള്ള ശ്രമം എതിര്‍ത്തതിന് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നഗരത്തിൽ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കിഴക്കുമ്പാടം എട്ടിയാടത്ത് എ. ഷജിത്ത് എന്ന 41-കാരനെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്.

പത്ത് വര്‍ഷത്തോളമായി അടുപ്പത്തിലുള്ള യുവതിയുടെ താമസസ്ഥലത്ത് അമിതമായി മദ്യപിച്ച്‌ അതിക്രമിച്ചുകടന്ന പ്രതി അലമാരയില്‍നിന്ന് പണം കവരാന്‍ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. ബേപ്പൂര്‍, നല്ലളം, ഫറോക്ക്, മാറാട് സ്റ്റേഷന്‍ പരിധിയില്‍ പൂഴി കടത്തുമായി ബന്ധപ്പെട്ട നിരവധി കേസില്‍ പ്രതിയാണ് ഷജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.