ഇലക്ട്രിസിറ്റി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം; ചോറോട് കെ.എസ്.ഇ.ബിയുടെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചു


വടകര: വടകര ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ രൂപീകരണം (ഐ.ജി.ആർ.സി) ചോറോട് നടന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വടകര സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പ്രതികൂല പരിതസ്ഥിതിയിലും കെ.എസ്.ഇ.ബി ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രവർത്തനങ്ങളെ ചന്ദ്രശേഖരൻ മാസ്റ്റർ അഭിനന്ദിച്ചു.

ഐ.ജി.ആർ.സി യുടെ രൂപീകരണം സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടത്തുന്നതിന് കെ.എസ്.ഇ.ബിക്ക് ഊർജ്ജം പകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെ.എസ്.ഇ.ബി സർക്കിളിന് കീഴിലുള്ള ജീവനക്കാർക്ക് പുറമേ ചോറോട് പഞ്ചായത്ത് അംഗങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വൈദ്യുതി ഉപഭോക്താക്കളും ഉൾപ്പെടെ നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.

ഇലക്ട്രിക്കൽ ഡിവിഷൻ വടകര, എക്സിക്യൂട്ടീവ് എൻജിനീയർ എ. വിജയകുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കുറ്റ്യാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി. ശ്രീനാഥ് പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. ഇലക്ട്രിക്കൽ ഡിവിഷൻ നാദാപുരം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് കെ.കെ, എ.എ.ഓ ഇൻചാർജ് എലിസബത്ത് ഷീന, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പ്രമോദ് പി.കെ, ബിജു എം.ടി, രഞ്ജിത്ത്.കെ.കെ, സുദീപ് എം.പി, ശശീന്ദ്രൻ.കെ, അനിൽകുമാർ ടി.കെ എന്നിവർ സംസാരിച്ചു. പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കെ.പി നന്ദി പറഞ്ഞു.

Summary: Better service to electricity customers; Internal Grievance Redressal Cell of KSEB has been set up in Chorod