മജീദും സുഹറയും രാമൻ നായരും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; ബഷീറിൻ്റെ കഥാപ്രപഞ്ചം മേപ്പയിൽ എസ്.ബി സ്കൂളിൽ പുനരാവിഷ്കരിച്ചു
വടകര: ബഷീർ കഥാപാത്രങ്ങളിലൂടെ
ബഷീറിൻ്റെ കഥാപ്രപഞ്ചം അറിയാൻ മേപ്പയിൽ എസ്.ബി.സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി. പoന പ്രവർത്തനത്തിൻ്റെ ഭാഗമായി നടന്ന കഥാപാത്ര ആവിഷ്കാരത്തിൽ എൽ.പി, യു.പി, തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
മജീദും, സുഹറയും, പത്തുമ്മയും തുടങ്ങി ബഷീർ കഥാപാത്രങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിവിധ കഥകളുടെ കഥാതന്തുക്കൾ എത്തിച്ചേരുക എന്ന പ്രവർത്തനത്തിൻ്റെ മാതൃകയാണ് സ്കൂൾ തലത്തിൽ നടപ്പിലാക്കിയത്.
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ നാടകീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ രംഗാവിഷ്കാരവും നടന്നു.
ബഷീർ ദിനാചരണത്തിന്റെ ഭാഗമായാണ് സുൽത്താൻ കഥകളിലൂടെ എന്ന നാടകീയ രംഗാവിഷ്കാരം നടന്നത്. നൂറിൽ പരം വിദ്യാർത്ഥികളിലൂടെ രംഗത്തെത്തിയ കഥാപാത്രങ്ങളോരോന്നും ബഷീർ കഥകളുടെ പുനരാഖ്യാനമായി. പാത്തുമ്മയുടെ ആട്, ന്റെ പ്പൂപ്പാക്കൊരാനണ്ടാർന്ന്, ബാല്യകാലസഖി, പ്രേമ ലേഖനം, തുങ്ങിയ കൃതികളിലെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും രംഗാവിഷ്കാരമായി പുന:സൃഷ്ടിക്കപ്പെട്ടത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും, സുഹറയും, രാമൻ നായരും, മജീദും, കൊച്ചുത്രേസ്യയും പൊൻ കുരിശ് തോമയും ഉൾപ്പെടെ അരങ്ങിലെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി.