ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; തെലങ്കാനയില്‍ പിടിയിലായ മുഖ്യപ്രതിയെ വടകരയിലെത്തിച്ചു


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുൻ മാനേജറുമായ മധു ജയകുമാറിനെ പോലീസ് വടകരയിലെലെത്തിച്ചു. തെലങ്കാനയില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് വടകരയിലെത്തിച്ചത്.

വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന ഇയാള്‍ അടിപിടി കേസിൽ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ വടകരയിൽ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് വടകര പോലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു.

വന്‍ തട്ടിപ്പാണ് പ്രതി ബാങ്കില്‍ നടത്തിയത്. വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ബാങ്കിൽ ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച്‌ ഓഫാക്കി പ്രതി മുങ്ങിയിരുന്നു.

ഇയാള്‍ തട്ടിപ്പ് നടത്തി കടത്തിയ സ്വര്‍ണം ഉള്‍പ്പെടെയുള്ളവ കണ്ടത്തേണ്ടതുണ്ട്. തട്ടിപ്പിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം മധു ജയകുമാർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന് ബാങ്കിൻ്റെ വടകര ശാഖയുമായി ഇടപാടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്രയും അക്കൗണ്ടുകളിലെ സ്വര്‍ണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരന്‍ പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. 42 അക്കൗണ്ടുകളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Bank of Maharashtra Vadakara branch gold fraud case; The main accused who was arrested in Telangana was brought to Vadakara