വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, പ്രതിയെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസിൻ്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകി. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
വടകര സി.ഐ എൻ. സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. കേസിലെ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാറിനെ (34) കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങളും സാമ്ബത്തിക സ്ഥിതിയും മറ്റും പൊലീസ് ശേഖരിച്ചുവരുകയാണ്.
വൻ സ്വർണ പണയ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. മുൻ മാനേജറായ മധു ജയകുമാർ ഇത് തട്ടിയെടുത്ത് മുങ്ങിയെന്നാണ് പൊലീസ് സംശയിച്ചത്.
കഴിഞ്ഞ മാസം ബാങ്കിൽ ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധു ജയകുമാർ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.