കോഴിക്കോട് വിമാനത്താവള പരിസരത്ത് പട്ടം പറത്തിയാല്‍ പിടിവീഴും, പാരാ ഗ്ലൈഡറുകൾ മുതല്‍ ലേസര്‍ ബീം ലൈറ്റുകള്‍ വരെ; വിമാനത്താവള പരിസരത്ത് ഇവയ്ക്ക് നിരോധനം


മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ആണ് ഉത്തരവിറക്കിയത്.

സിആര്‍പി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

എതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ് ഫ്‌ളൈയിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദ്യേശത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്‌.