കളക്ടര്‍ കരുതല്‍ തടങ്കലിലാക്കാനുത്തരവിട്ട ക്രിമിനല്‍ പിടിയില്‍; ഹരീഷ് മോളി ഇനി കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയും


ബാലുശേരി: കളവ്, പിടിച്ചുപറി, മയക്കുമരുന്ന് വില്‍പ്പന തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് കളക്ടര്‍ കരുതല്‍ തടങ്കലിനുത്തരവിട്ട ഹരീഷ് എന്ന ഹരീഷ് മോളി അറസ്റ്റില്‍. കക്കോടിയില്‍ നിന്നും ബാലുശേരി പൊലീസാണ് ഹരീഷിനെ പിടികൂടിയത്.

ബാലുശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറും സംഘവുമാണ് വെള്ളിയാഴ്ച വൈകുന്നേരം ഹരീഷിനെ തന്ത്രപരമായി പിടികൂടിയത്. പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഹരീഷിന്റെ പേരിലുള്ളത്. ഇയാളെ കണ്ണൂര്‍ ജയിലിലേക്ക് അയച്ചു.

കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയശേഷവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.