നടുവണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി, കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്; ലെെസൻസില്ലാതെ ഓടിച്ച നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു, രക്ഷിതാക്കൾക്കെതിരെ കേസ്
നടുവണ്ണൂർ: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടികൂടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്. നടുവണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ ലെെസൻസില്ലാതെ വാഹനവുമായെത്തിയ നാല് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
നടുവണ്ണൂർ ബസ് സ്റ്റാന്റിൽ കഴിഞ്ഞ രണ്ടു ദിവസമായി സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതേ കുറിച്ച് ബാലുശ്ശേരി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടുവണ്ണൂരിൽ പോലീസിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ വാഹനവുമായെത്തിയത് ശ്രദ്ധയിൽപെട്ടത്.
നടുവണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ ഓടിച്ച നാല് വാഹനങ്ങൾ പിടികൂടുകയും രക്ഷിതാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. രക്ഷിതാവ് 25000 രൂപ ഫൈൻ അടക്കണമെന്നും വാഹനമോടിച്ചയാൾക്ക് 22 വയസ്സു വരെ ലൈസൻസ് ലഭിക്കില്ലെന്നും പോലീസ് അറിയിച്ചു.
സ്കൂൾ വിദ്യാർഥികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് പരസ്പരം അടി കൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പൂനൂര്, കരിയാത്തൻ കാവ്, വാകയാട് എന്നീ സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി ബാലുശ്ശേരി പോലീസ് വ്യക്തമാക്കി. സിനിമയിലെ രംഗങ്ങളിൽ അനുകരിച്ചാണ് ഇത്തരം സംഭവങ്ങൾ സ്കൂളിൽ നടന്നുവരുന്നതെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും പരമാവധി ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു.
പേരാമ്പ്രയില്‍ വയോധികയെ കാണാതായതായി പരാതി
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന കാര്യത്തിൽ തുടർന്നും കർശന നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിൽ മറ്റു സ്കൂൾ പരിസരത്തും നടപടി ഉണ്ടാകുമെന്നും ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ.എം.കെ അറിയിച്ചു. എസ്.ഐ ബാബു കെ, എ.എസ്. ഐ മുഹമ്മദ് പുതുശ്ശേരി, സിപിഒ മാരായ അബ്ദുൽ കരീം, ജംഷീദ് രാജേഷ് എന്നിവരും പങ്കെടുത്തു.
Summary: Balushery police take strict action in school students fight. Four vehicles were impounded for driving without a license and a case was filed against the parents