അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നേടി ആയഞ്ചേരി സ്വദേശിനി


ആയഞ്ചേരി: ആയഞ്ചേരി സ്വദേശിനി ശഹാന ശിറിൻ അമേരിക്കയിലെ പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നര കോടി രൂപയുടെ സ്കോളർഷിപ് നേടി. ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിനിയാണ് ശഹാന ശിറിൻ.

അഞ്ചുവർഷം നീണ്ട ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കാണ് സ്കോളർഷിപ്പോടെ തിരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിലെ പ്രമുഖ ഗവേഷണ സർവകലാശാലയായ ഐസർ കൊല്‍ക്കത്തയില്‍ നിന്നാണ് ശഹാന ശിറിൻ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. സ്റ്റംസെല്‍ തെറപ്പിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെയും ടി.ആർ.പി ചാനലുകളെയും ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.

പുനരുജ്ജീവന സവിശേഷതകളുള്ള സ്റ്റംസെല്ലുകള്‍ ഒട്ടനവധി രോഗങ്ങളുടെ ചികിത്സയില്‍ അനവധി സാധ്യതകള്‍ വൈദ്യശാസ്ത്രരംഗത്ത് തുറന്നവയാണ്. ഈ കോശങ്ങള്‍ ട്രാൻസ്‌പ്ലാന്റേഷനുശേഷം നേരിടുന്ന പ്രതിസന്ധികളെ ടി.ആർ.പി ചാനലുകളുടെ സഹായത്തോടെ എങ്ങനെ തടയാമെന്നതിനെക്കുറിച്ച്‌ ശഹാനയുടെ ഗവേഷണം പ്രാഥമിക കണ്ടെത്തലുകള്‍ നല്‍കിയിട്ടുണ്ട്.

തറോപ്പൊയില്‍ വൈറ്റ് ഹൗസ് അബ്ദുല്ലയുടെയും ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളില്‍നിന്ന് വിരമിച്ച ഒ.എം.സാറ ടീച്ചറുടെയും മകളാണ്.