വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി


വടകര: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായവര്‍ക്ക് രണ്ടുവര്‍ഷം വീതം കഠിന തടവും 20,000രൂപ വീതം പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കാസര്‍കോട് കാഞ്ഞങ്ങാട് മടിക്കൈ അരയി വട്ടത്തോട് മുനീര്‍ (39), പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ സക്കീല മന്‍സില്‍ സിദ്ധിഖ് (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 സെപ്തംബര്‍ അഞ്ചിന് വടകര പാലയാട് റോഡ് ജങ്ഷനിലെ ടി.പി അജിത്ത് റോഡില്‍ വച്ചാണ് വടകര എസ്ഐയായിരുന്ന ജീവന്‍ ജോര്‍ജ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടത്താനുള്ള1.830 കിലോ ഗ്രാം കഞ്ചാവ് സഹിതമാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

കേസില്‍ ഇവര്‍ക്കൊപ്പം പ്രതിയായ മുസ്തഫ വിചാരണക്കിടെ മരിച്ചിരുന്നു. വടകര സി.ഐയായിരുന്ന ടി മധുസൂദനന്‍ നായര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എജിപി ഇ.വി ലിജീഷ് ഹാജരായി.

Description: Attempt to smuggle cannabis abroad; The accused were sentenced to two years in prison