പാലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് കത്തിക്കാന്‍ ശ്രമം


പേരാമ്പ്ര: പാലേരി കന്നാട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് കത്തിക്കാന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും കോഴിക്കോട് ദേശാഭിമനി പത്രത്തിലെ ജീവനക്കാരനുമായ പാലയുള്ള പറമ്പില്‍ ഷൈജുവിന്റെ വീടാണ് ഇന്ന് പകല്‍ അജ്ഞാതര്‍ കത്തിക്കാന്‍ ശ്രമിച്ചത്. മണ്ണെണ്ണ ഉപയോഗിച്ചു വരാന്തയില്‍ ഇട്ടിരുന്ന ചവിട്ടി കത്തിച്ചിട്ടുണ്ട്. കൂടാതെ ബെഡ്‌റുമിലേക്കും തീപടര്‍ത്താന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഇന്ന് വൈകുന്നേരം മുന്നരയോടെയാണ് സംഭവം.

തൊഴിലുറപ്പ് തൊഴിലാളികളാണ് വീടിന്റെ മുന്‍വശത്ത് തീപടരുന്നത് ആദ്യം കണ്ടത്. ഉടനെ പൈപ്പിലെ വെള്ളം ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പൈപ്പിന്റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. മോപ്പില്‍ മണ്ണെണ്ണ ഒഴിച്ചാണ് തീപടര്‍ത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര സി.ഐയും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

സി.പി.എം അനുഭാവികളാണ് ഷൈജുവിന്റെ കുടുംബം. സഹോദരനും സി.പി.എം കന്നാട്ടി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയുമായി സുരേഷ് കുടുബത്തോടൊപ്പം മറ്റൊരു വീട്ടിലാണ് താമസം. ഷൈജുവും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. തീ പടര്‍ന്നു പിടിക്കാത്തതും സംഭവ സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാലും ദുരന്തം ഒഴിവായി.

നിലവില്‍ പ്രദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറി കുഞ്ഞമ്മദ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.