ചിരുതകുന്ന് റോഡ് വഴിയാണോ യാത്ര ? റോഡ് അടച്ചു, വാഹനങ്ങൾ ഇതു വഴി പോകണം
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡ് പണിയുടെ ഭാഗമായി ചിരുതകുന്ന് റോഡ് മുറിച്ചുള്ള പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. വാസുദേവന്‍ ഡോക്ടര്‍ ക്ലിനിക്കിനും അശ്വിനി ആയുര്‍വേദ ആശുപത്രിയ്ക്കും ഇടയിലുള്ള ചിരുതകുന്ന് റോഡിന്റെ ഭാഗമാണ് മുറിച്ച് ഉയരം കുറയ്ക്കുന്നത്.
റോഡ് പണി നടക്കുന്നതിനാല്‍ നിലവില്‍ ഇത് വഴി വാഹനഗതാഗത സൗകര്യമില്ല. ടൗണില്‍ നിന്ന് ചിരുതകുന്ന് ഭാഗത്തേക്ക് പോകാന്‍ മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് റോഡ് വഴിയും പൈതോത്ത് റോഡില്‍ നിന്ന് വരുന്നവര്‍ മരമില്ലിന് സമീപമുള്ള പിലാത്തോട്ടം വയല്‍ റോഡോ, ചാലില്‍ റോഡോ ഉപയോഗപ്പെടുത്തുക.
പേരാമ്പ്ര ബൈപ്പാസ് പണി പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള ഒരു സ്ഥലമാണ് ചിരുതകുന്ന് പ്രദേശം. പഞ്ചായത്ത് റോഡ് മുറിച്ച് ഉയരം കുറയ്‌ക്കേണ്ടതിനാലാണ് ഈ ഭാഗത്തെ പണികള്‍ അവസാനഘട്ടത്തിലേക്ക് മാറ്റി വെച്ചത്.