കവച് സുരക്ഷ കേരളത്തിലും; പദ്ധതി ആദ്യം നടപ്പിലാക്കുക ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിൽ


തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും അമിത വേഗത ഒഴിവാക്കാനും മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളില്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെങ്കില്‍ ട്രെയിന്‍ യാന്ത്രികമായി നിര്‍ത്താനും കഴിയും. ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുകയാണ് കവചിന്റെ ലക്ഷ്യം. ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍ പാതയിലാണ് 2,200 കോടി രൂപ ചെലവില്‍ പദ്ധതി ഈ വര്‍ഷം നടപ്പിക്കാന്‍ കരാര്‍ ക്ഷണിച്ചത്. രാജ്യത്തെ 68,000 കിലോ മീറ്റര്‍ ട്രാക്ക് ശൃംഖലയില്‍ 1,465 കിലോ മീറ്ററില്‍ നിലവില്‍ സംവിധാനം ഉണ്ട്. 3000 കിലോമീറ്റര്‍ സ്ഥാപിക്കാനുള്ള ജോലി നടന്നുവരികയാണ്. കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഡിവിഷനുകളിലും കവച് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ടെന്‍ഡറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Description: Armor security in Kerala too; The project will be implemented first in Shornur-Eranakulam section