അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിലെത്തി; നിറകണ്ണുകളോടെ നാട്


കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന് വിട നൽകാനൊരുങ്ങി നാട്. കാത്തിരിപ്പുകൾക്കൊടുവിൽ 75-ാം ദിവസമാണ് അർജുൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാൻ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.

മൃതദേഹം വഹിച്ചുള്ള ആമ്പുലൻസ് പൂളാടിക്കുന്നിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ജന്മനാടായ കണ്ണാടിക്കലിലേക്ക് എത്തിയത്. കണ്ണാടിക്കലിൽ നിരവധി നാട്ടുകാർ അർജുനെ കാണാൻ തടിച്ചു കൂടിയിരുന്നു. അവിടെ നിന്നും നാട്ടുകാരും പൊതു പ്രവർത്തകരുമുൾപ്പടെ കാൽനടയായി അർജുൻ്റ മൃതദേഹത്തെ അനുഗമിച്ചു. നാലുകിലോമീറ്ററോളം ദൂരമാണ് കണ്ണാടിക്കലിൽ നിന്നും അർജുൻ്റെ വീട്ടിലേക്കുള്ളത്.

ആദ്യം കുറച്ചു സമയം ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിനുള്ളിൽ മൃതദ്ദേഹം വെക്കും. തുടർന്ന് നാട്ടുകാർക്കും മറ്റുള്ളവർക്കുമായി വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്, ഇന്നലെ കർണാടകയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ.കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഷ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ൽ, കർണാകടയിലെ പ്രാദേശിക മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെ അടക്കമുള്ളവർ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. ലോറിയുടെ കാബിനിൽ നിന്നും ലഭിച്ച അർജുൻ്റെ ഫോണും പേഴ്‌സും വാച്ചും അടക്കമുള്ളവ ആംബുലൻസിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്.

Summary: Arjun’s lifeless body reached home; The land with red eyes