വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം; കൊയിലാണ്ടിയിൽ യുവാവിനെ കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് പിടിയില്‍
കൊയിലാണ്ടി: സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ കുറുവങ്ങാട് സ്വദേശിയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. കുറുവങ്ങാട് സ്വദേശിയായ മന്‍സൂറിനാണ് വെട്ടേറ്റത്.
ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ച് കൊടുവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. മന്‍സൂറിനെ തലയ്ക്കാണ് വെട്ടേറ്റത്.
മന്‍സൂറും സുഹൃത്തും തമ്മില്‍ നിസാരമായ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ ഈ സുഹൃത്തിന്റെ സുഹൃത്തായ ഷാജഹാന്‍ മന്‍സൂറിനെ ‘ശരിയാക്കി കളയുമെന്ന്’ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രണം. മന്‍സൂറിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പിന്നോട്ട് ഒഴിഞ്ഞ് മാറുകയും സുഹൃത്തുക്കള്‍ ഷാജഹാനെ പിടിച്ച് മാറ്റുകയും ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊയിലാണ്ടി എസ്.ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Summary: Argument followed by assault; A young man was cut on the head with a sword in Koyilandi, seriously injured, and his friend was arrested