അപകടത്തിന് പിന്നാലെ തര്‍ക്കം; കണ്ണൂരിൽ ചോരവാർന്ന് കാല്‍ മണിക്കൂറോളം റോഡിൽ കിടന്ന വിദ്യാർത്ഥി മരിച്ചു
കണ്ണൂര്‍: അടിയന്തര ചികിത്സ ലഭ്യമാകാതെ കണ്ണൂരിൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിന് പിന്നാലെ കാല്‍ മണിക്കൂറോളം റോഡിൽ രക്തം വാർന്ന് കിടന്ന ശേഷമാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കമാണ് ആകാശിനെ ആശുപത്രിയിൽ എത്തിക്കുന്നത് വെെകിച്ചത് എന്നാണ് ആരോപണം. ജീവൻ രക്ഷിക്കാനുള്ള നിർണായകസമയമാണ് (സുവർണ നിമിഷങ്ങൾ) തർക്കത്തിനിടെ നഷ്ടമായത്.
ഇന്നലെ രാവിലെ ആകാശ് കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്.
ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്നായിരുന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. കാല്‍മണിക്കൂറോളം നീണ്ട തര്‍ക്കത്തിന് ശേഷമാണ് ആകാശിനെ വഴിയാത്രക്കാർ ചേർന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം.
Summary: Argument after accident; in Kannur a student died after lying on the road for a quarter of an hour after bleeding