മുത്താച്ചിപ്പാറ ടൂറിസം അടക്കം 57 പദ്ധതികള്‍ പ്ലാനില്‍; സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായണ്ണയെ ദത്തെടുത്ത് എം.പി, ഗ്രാമപഞ്ചായത്ത് വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാനിന് അംഗീകാരം



കായണ്ണ:
ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനിന് അന്തിമ അംഗീകാരമായി. എളമരം കരീം എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്ലാന്‍ അംഗീകരിച്ചത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കായണ്ണയെ എം.പി ദത്തെടുത്തത്.

എസ്.സി/എസ്.ടി കോളനികളുടെ നവീകരണം, മുത്താച്ചിപാറ ടൂറിസം പദ്ധതി, പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണം, പഞ്ചായത്തിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍, നീന്തല്‍, യോഗ പരിശീലനം ഉള്‍പ്പെടെ വിവിധങ്ങളായ 57 പദ്ധതികളാണ് പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

യോഗത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം സി മുഹമ്മദ് റഫീഖ് വിഷയാവതരണം നടത്തി. കായണ്ണ ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ പി.എ.യു കോഴിക്കോട് പ്രോജക്ട് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി, സെക്രട്ടറി കെ.ടി.മനോജ് കുമാര്‍, ഡബ്ല്യൂ.ഡി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഒ.ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, നിര്‍വഹകണണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.