”മറ്റൊരു (മഹാ) ഭാരതം” അനൂപ് ദാസിന്റെ പുസ്തകം പ്രകാശനം ചെയ്തു


കൊയിലാണ്ടി: നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവ കഥ പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ അനൂപ് ദാസിന്റെ പുസ്തകം മറ്റൊരു (മഹാ)ഭാരതം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി ക ഫെസ്റ്റിലില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രയാംസ്‌കുമാര്‍ മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പച്ചയായ ജീവിതങ്ങളെ പകര്‍ത്താന്‍ അനൂപ് ദാസിന് സാധിച്ചിട്ടുണ്ടെന്ന് എം.വി.ശ്രയാംസ്‌കുമാര്‍ പറഞ്ഞു. എഴുത്തിന്റെ മേഖലയില്‍ കൂടുതല്‍ ശോഭിക്കാന്‍ അനൂപ് ദാസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍ ജനറല്‍ മാനേജര്‍ കെ.ആര്‍.പ്രമോദ് എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍ സഞ്ചരിച്ച അനൂപ് ദാസ്, തൊട്ടറിഞ്ഞ പച്ചയായ മനുഷ്യജീവിതകങ്ങളാണ് മറ്റൊരു (മഹാ) ഭാരതത്തിലൂടെ പറയുന്നത്. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യന് മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം.