‘ഈ ചിത്രം എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു’; ആവള പാണ്ടിയിലെ പിങ്ക് വിസ്മയം ഫോണ്‍ സ്‌ക്രീന്‍ സേവറാക്കി ആനന്ദ് മഹീന്ദ്ര



പേരാമ്പ്ര: ആവളപാണ്ടിയുടെ സൗന്ദര്യം ഫോണ്‍ സ്‌ക്രീന്‍ സ്‌ക്രീന്‍ സേവറാക്കിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ‘വിനോദസഞ്ചാരികള്‍ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേള്‍ക്കുന്നതില്‍ എനിക്ക് അത്ഭുതമില്ലെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘പ്രതീക്ഷയുടെ നദി’ എന്നാണ് ആനന്ദ് മഹീന്ദ്ര പിങ്ക് നദിയെ വിശേഷിപ്പിച്ചത്. ഈ ചിത്രം കാണുമ്പോള്‍ എനിക്ക് ശുഭാപ്തി വിശ്വാസം തോന്നുന്നു, ഈ ചിത്രമാണ് ഇപ്പോള്‍ എന്റെ പുതിയ സ്‌ക്രീന്‍ സേവറെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. ദി ബെറ്റര്‍ ഇന്ത്യയുടെ പോസ്റ്റാണ് ആനന്ദ് മഹീന്ദ്ര തന്റെ അക്കൗണ്ടിലൂടെ
ഷെയര്‍ ചെയ്തത്.

2020ല്‍ ആണ് പേരാമ്പ്രയ്ക്കടുത്തുള്ള ആവളപ്പാണ്ടിയിലെ തോടിലും വയലിലും പിങ്ക് നിറത്തിലുള്ള പായല്‍ വിരിഞ്ഞത്. ഇത് കാണാനായി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. വൈലറ്റ് വിരിപ്പിട്ട തോടും പാടവും സന്ദര്‍ശകരെ അത്രയധികം ആകര്‍ഷിക്കുന്നുണ്ടായിരുന്നു.

അക്വേറിയങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു തെക്കേ അമേരിക്കന്‍ സസ്യമാണ് ഫോര്‍ക്ക്ഡ് ഫാന്‍വോര്‍ട്ട്, അഥവാ ‘മുള്ളന്‍ പായല്‍’ . ഇത് റെഡ് കബോംബയുടെ കുടുംബത്തില്‍ പെട്ട ഒരു തരം പായല്‍ സസ്യമാണ് . ആകസ്മികമായോ, അക്വേറിയം പ്ലാന്റ് തോട്ടില്‍ ഉപേക്ഷിച്ചതിനാലോ ആകാം പാണ്ടി നദിയില്‍ മുള്ളന്‍ പായല്‍ വളര്‍ന്നതെന്നും ജീവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇത് പ്രദേശിക ജലസസ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സന്ദര്‍ശകരില്‍ പലരും മുള്ളന്‍ പായല്‍ പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുമെന്നാണ് ജീവശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ‘പിങ്ക്’ കേരള നദിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇതാദ്യമായല്ല. 2021 ല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മുള്ളന്‍ പായല്‍ കോഴിക്കോട്ട് പൂക്കുന്നു എന്നായിരുന്നു എഎന്‍ഐയുടെ വാര്‍ത്താ തലക്കെട്ട്. പിന്നീട് ഈ സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ജലസ്രോതസ്സുകളിലും ഡ്രെയിനേജ് കനാലുകളിലും ഈ സസ്യം വ്യാപിക്കുമെന്നാണ് ജൈവ ശാസ്ത്രജ്ഞര്‍ കരുതുന്നത്. മുള്ളന്‍ പായലിന് വളരുന്നതിന് വലിയ അളവില്‍ ഓക്‌സിജന്‍ ആവശ്യമാണ്. ശുദ്ധജല ജൈവ വൈവിധ്യത്തെ ഇത് മോശമായി ബാധിക്കും. ജലത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് കേരള വനഗവേഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ടി.വി.സജീവ് വിശദമാക്കുന്നു.