ചങ്ങരോത്ത് അടയ്ക്കാ പറിക്കാനായി കവുങ്ങില്‍ കയറിയ വയോധികൻ കാല് കുടുങ്ങി തല കീഴായി തൂങ്ങിക്കിടന്നത് ഒരു മണിക്കൂർ; അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
ചങ്ങരോത്ത്: ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയിൽ മെഷീനിൽ കാൽ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് തൂങ്ങിക്കിടന്ന വയോധികനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മുതുവണ്ണാച്ച തൊട്ടാർമയങ്ങി വീട്ടിൽ അമ്മദ് ഹാജി (60)യാണ് കവുങ്ങിൽ കുടുങ്ങിയത്.
ഒരു മണിക്കൂർ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് പേരാമ്പ്ര അഗ്നി രക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തിയത്. കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് അമ്മദ് ഹാജിയെ താഴെയിറക്കിയത്.
ആശുപത്രിയിൽ എത്തിച്ച് ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. അഗ്നി രക്ഷാ സേനയുടെ വളണ്ടിയർ പരിശീലനം ലഭിച്ച കെ.ഡി റിജേഷ് നാഗത്ത്, നാട്ടുകാരായ മുനീർ മലയില്‍, റിയാസ് നാഗത്ത് എന്നിവർ സേന വരുന്നത് വരെ ടിയാനെ കവുങ്ങിനോട് ചേർത്ത് കെട്ടി സംരക്ഷിച്ചത് രക്ഷാപ്രവർത്തനത്തിന് സഹായകരമായി.
പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എം പ്രദീപൻ, പി.സി പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത്, ജി.ബി സനൽരാജ്, വി വിനീത്, പി.പി രജീഷ് എന്നിവർ വ്യത്യസ്ത മരങ്ങളിൽ കയറി രക്ഷാപ്രവർത്തനം നടത്തുകയും, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ആർ ജിനേഷ്, എസ്.എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ വി.കെ ബാബു, പി മുരളീധരൻ, വി.എൻ വിജേഷ് എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
Summary: An old man who had climbed into a gourd to close the changaroth got his leg stuck and hung upside down for an hour; Rescued by fire brigade and locals