നടുവണ്ണൂരിൽ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; തിരിച്ചറിയൽ രേഖകളിലുളളത് കൊളാവിപ്പാലത്തെ വിലാസം


നടുവണ്ണൂർ: നടുവണ്ണൂരിൽ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സദ്ഗുരു നിത്യാനന്ദാശ്രമ മുറ്റത്താണ് മൃതദേഹം കണ്ടത്.

വലിയ വീട്ടിൽ വി.വി.ഉണ്ണിക്കൃഷ്ണൻ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച രേഖകളിൽ ഇരിങ്ങൽ കൊളാവിപ്പാലത്തെ വിലാസമാണുള്ളത്. കൊളാവിപ്പാലത്ത് ഒരു കടമുറിയിൽ കുറച്ചുകാലമായി ഇയാൾ താമസിച്ചുവരികയാണെന്നാണ് അന്വേഷിച്ചപ്പോൾ മനസിലായതെന്ന് പൊലീസ് പറഞ്ഞു. പാനൂർ സ്വദേശിയാണ് ഉണ്ണിക്കൃഷ്ണനെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഉണ്ണിക്കൃഷ്ണൻ ആശ്രമത്തിലെ അന്തേവാസിയല്ലെന്നും ഇന്ന് ഇവിടെ എത്തിയതാവാനാണ് സാധ്യതയെന്നുമാണ് അറിയുന്നത്.