കുഴൽപ്പണക്കാരെ ആക്രമിച്ച് പണം തട്ടുന്ന അന്തർ സംസ്ഥാന കവർച്ചാസംഘം പേരാമ്പ്രയിൽ പിടിയിൽ


പേരാമ്പ്ര: കുഴൽപ്പണം എത്തിക്കുന്നവരെ ആക്രമിച്ച് പണം തട്ടുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം പേരാമ്പ്ര പോലീസിൻ്റെ പിടിയിൽ. പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയൻ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിൻ (35) തുടങ്ങിയവരാണ് അറസ്റ്റിലായത്. കുഴൽപ്പണ സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന രീതിയായിരുന്നു ഇവരുടെത്.

ബൈക്കിൽ എത്തുന്ന കുഴൽപ്പണ വിതരണക്കാരെ ഇവർ മർദിച്ചു ഇവരുടെ വാഹനത്തിൽ കയറ്റും. പിന്നീട് പണം മുഴുവനായും കൈക്കലാക്കി അവരെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി. സെപ്റ്റംബർ 10 ന് സമാന രീതിയിൽ കടമേരി സ്വദേശി ജൈസൽ എന്നയാളെ ആക്രമിച്ചു 7 ലക്ഷം രൂപ കവർന്നു വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജം ആയിരുന്നു. ശേഷം മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്‌ജിൽ നിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പേരാമ്പ്ര ഡി.വൈ.എസ്.പി കെ.കെ.ലതീഷ്, ഇൻസ്പെക്ടർ ജംഷിദ്.പി എന്നിവരുടെ നിർദേശ പ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷമീർ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ. സി.എം, വിനീഷ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്.വി.സി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Summery: An inter-state robbery gang that attacked and extorted money from plumbers was arrested in Perampra