പയ്യോളി കീഴൂരില്‍ വെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവം; അയനിക്കാട് സ്വദേശി പിടിയിൽ


പയ്യോളി: കീഴൂരില്‍ വെച്ച് കാഴ്ച പരിമിതനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അയനിക്കാട് സ്വദേശി പിടിയില്‍. അയനിക്കാട് കുന്നുംപുറത്ത് അനൂപിനെയാണ് പയ്യോളി പൊലീസ് സംഘം വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കാഴ്ച പരിമിതനായ കണ്ണൂര്‍ സ്വദേശി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവറായ റഫീഖ് റോഡരികിലൂടെ പോകുന്ന തിനിടയില്‍ അനൂപ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും റഫീഖ് തടഞ്ഞപ്പോള്‍ ഉപദ്രവിക്കുകയുമായിരുന്നു. സംഭവ ശേഷം പ്രതി പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.

സിപിഎം പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം വി.രവീന്ദ്രനെ വീട്ടില്‍ കയറിയും ആക്രമിച്ച സംഭവത്തിലും അനൂപിനെതിരെ പോലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഞായര്‍ രാത്രിയോടെ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.